കാസർഗോഡ്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനവും പിന്നീട് ഭൂരിപക്ഷ പ്രീണനവും നടത്താൻ ശ്രമിച്ച സിപിഎമ്മിന് ഇപ്പോള്‍ രണ്ടുകൂട്ടരും ഇല്ലാത്ത അവസ്ഥയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ പുതുയുഗ യാത്രയുടെ ഭാഗമായുള്ള സംവാദ പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
42 വര്‍ഷം ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പമായിരുന്നു. നിരവധി തവണ അവരുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടവരാണ് എം.വി. ഗോവിന്ദനും പിണറായി വിജയനും. ഇപ്പോൾ ഇവർ മറവിയുള്ളതു പോലെ അഭിനയിക്കുകയാണ്. അവര്‍ ഞങ്ങള്‍ക്ക് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ മാത്രം പെട്ടെന്ന് വര്‍ഗീയവാദികളാകുന്നത് എങ്ങനെയാണെന്നും സതീശൻ ചോദിച്ചു.
എല്ലാ സംഘടനകള്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല. എല്ലാവരും ഒന്നിച്ച് നടക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്‍എസ്എസിലും എസ്എന്‍ഡിപിയിലും എന്തെങ്കിലും നടന്നാല്‍ മാധ്യമങ്ങള്‍ എന്റെ അടുത്തേക്ക് വരും. അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല താനെന്നും സതീശൻ പറഞ്ഞു.

