11 മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ അതിക്രമം; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, ബന്ധുവായ യുവാവ് അറസ്റ്റിൽ

പെർത്ത്: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ കടുത്ത അതിക്രമത്തിന് ഇരയായ പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് ആറ് ദിവസമായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ജീവനുവേണ്ടി പോരാടുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ ബന്ധുവായ ഇരുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ ശാരീരിക ഉപദ്രവം ഏൽപ്പിച്ച കുറ്റത്തിന് (Aggravated grievous bodily harm) ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

പെർത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി ഏകദേശം 55 കിലോമീറ്റർ അകലെയുള്ള ടു റോക്സ് (Two Rocks) എന്ന സ്ഥലത്ത് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഈ യുവാവ് ക്രൂരമായി കുലുക്കിയെന്നും, ഇതിനെത്തുടർന്ന് കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് പോലീസ് കണ്ടെത്തൽ.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാരാമെഡിക്കൽ സംഘം അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആദ്യം ജോണ്ടലപ്പ് ഹെൽത്ത് ക്യാമ്പസിലേക്കും (Joondalup Health Campus), തുടർന്ന് അവിടെനിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെർത്ത് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്കും മാറ്റി. ബുധനാഴ്ച രാത്രിയും കുഞ്ഞ് ഈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *