ബംഗളൂരു: ഇന്ത്യൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചാണ് ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂല കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി നിയോഗിക്കപ്പെടുന്നത്.
ദളിത് വിഭാഗത്തിൽനിന്ന് ഈ ഉന്നതപദവിയിലെത്തുന്ന ആദ്യമെത്രാനെന്ന പെരുമ ഡോ. പൂലയ്ക്കു സ്വന്തം. 2022ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ ദളിത് വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്.
ലളിതമായ ജീവിതപശ്ചാത്തലത്തിൽനിന്ന് കഠിനാധ്വാനത്തിലൂടെയും വിശ്വാസബോധ്യത്തിലൂടെയുമാണ് സഭയുടെ ഉന്നത നേതൃത്വത്തിലേക്ക് വളർന്നത്. വിവിധ പള്ളികളിൽ വികാരിയായി സേവനം ചെയ്തശേഷം യുഎസിൽ പാസ്റ്ററൽ കെയറിൽ ബിരുദാനന്തര ബിരുദവും ചിക്കാഗോ ലയോള യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര കോഴ്സും പൂർത്തിയാക്കി.
ക്രിസ്ത്യൻ ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ ആൻഡ് ഏജിംഗ് ഡയറക്ടർ, കടപ്പ രൂപതയിൽ കൺസൾട്ടർ, വിദ്യാഭ്യാസ സെക്രട്ടറി, സ്കൂളുകളുടെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ, സ്പോൺസർഷിപ് പ്രോഗ്രാം കോ- ഓർഡിനേറ്റർ എന്നീ ചുമതലകൾ നിർവഹിച്ചു. റാഞ്ചി മുൻ ആർച്ച്ബിഷപ് കർദിനാൾ ഡോ. ടെലസ്ഫോർ പ്ലാസിഡസ് ടോപ്പോ ആദിവാസി വിഭാഗത്തിൽനിന്നു നേരത്തേ സിബിസിഐ അധ്യക്ഷനായിട്ടുണ്ട്.

