നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാർത്ഥി നിർണ്ണയത്തിനായി സിപിഎം വിപുലമായ സർവേ ആരംഭിച്ചു. കോൺഗ്രസ് നേരത്തെ തന്നെ സർവേ നടപടികളുമായി മുന്നോട്ട് പോയതിന് പിന്നാലെയാണ് സിപിഎമ്മും സമാനമായ പാത സ്വീകരിക്കുന്നത്. ഇതിനായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്വകാര്യ ഏജൻസിയെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സർവേയുടെ പുരോഗതി വിലയിരുത്തുന്നത്.
മണ്ഡലങ്ങളിലെ വിജയസാധ്യത, നിലവിലുള്ള എംഎൽഎമാരുടെ പ്രവർത്തനമികവ്, ജനസമ്മതി എന്നിവ അളക്കുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം. വിജയസാധ്യത കുറഞ്ഞ എംഎൽഎമാരെ മാറ്റിനിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ടിന് പുറമെ ഇന്റലിജൻസ് ഏജൻസികളിൽ നിന്നുള്ള വിവരങ്ങളും മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയത്തിനായി പരിഗണിക്കുന്നുണ്ട്. നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പിൽ ജയസാധ്യതയ്ക്ക് മാത്രമാണ് പാർട്ടി മുൻഗണന നൽകുന്നത്.
ഇത്തവണത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച്, നേരത്തെ കർശനമായി പാലിച്ചിരുന്ന ‘രണ്ടു തവണ മാനദണ്ഡത്തിൽ’ സിപിഎം ഇളവ് വരുത്തിയേക്കും. ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരോടും മണ്ഡലങ്ങളിൽ സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സർവേ ഫലങ്ങൾ അവർക്ക് നിർണ്ണായകമാകും. യുഡിഎഫ് സുനിൽ കനഗോലുവിന്റെ സർവേ റിപ്പോർട്ടുകളെ ആശ്രയിക്കുമ്പോൾ, അതിനെ മറികടക്കാൻ കൂടുതൽ പ്രായോഗികമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ഇടതുപക്ഷം ആവിഷ്കരിക്കുന്നത്.
സ്ഥാനാർത്ഥി പട്ടികയിൽ വലിയ മാറ്റങ്ങൾക്കും സാധ്യതയുണ്ട്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് എം.എം മണിയെയും വിവാദങ്ങൾ കണക്കിലെടുത്ത് എം. മുകേഷ്, യു. പ്രതിഭ എന്നിവരെയും വീണ്ടും മത്സരിപ്പിച്ചേക്കില്ലെന്നാണ് സൂചന. എന്നാൽ മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് തുടങ്ങിയ പ്രമുഖരുടെ കാര്യത്തിൽ അനുയോജ്യരായ പകരക്കാരെ ലഭിച്ചില്ലെങ്കിൽ അവർക്ക് തന്നെ വീണ്ടും നറുക്ക് വീണേക്കും. ജനവികാരം കൂടി പരിഗണിച്ചുള്ള ഒരു അന്തിമ പട്ടികയാകും സിപിഎം പുറത്തിറക്കുക.

