ഡൽഹി: ലോകത്തെ വിറപ്പിച്ച കോവിഡിന് ശേഷം, അടുത്തൊരു മഹാമാരിയെ പടിവാതിൽക്കൽ തടയാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുമായി ഇന്ത്യ. സസ്തനികളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന നിപ്പ, സിക്ക, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങളെ അവ പടരുന്നതിന് മുൻപേ കണ്ടെത്താനുള്ള ‘വൺ ഹെൽത്ത് മിഷന്റെ’ ഭാഗമായാണ് ഈ വിപ്ലവകരമായ നീക്കം.
മനുഷ്യർ, മൃഗങ്ങൾ, പരിസ്ഥിതി എന്നിവയെ ഒരൊറ്റ ശൃംഖലയായി കണ്ട് നിരീക്ഷിക്കുന്ന ‘വൺ ഹെൽത്ത്’ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. വാധ്വാനി എഐ വികസിപ്പിച്ച ‘ഹെൽത്ത് സെന്റിനൽ’ എന്ന സംവിധാനം 13 ഭാഷകളിലായി 30 കോടിയിലധികം വാർത്താ റിപ്പോർട്ടുകൾ വിശകലനം ചെയ്ത് രോഗലക്ഷണങ്ങളുടെ സൂചനകൾ കണ്ടെത്തുന്നു. ഐസിഎംആർ വികസിപ്പിക്കുന്ന എഐ ടൂളുകൾ വഴി വന്യജീവികളിലും വളർത്തുമൃഗങ്ങളിലും രോഗകാരികളായ വൈറസുകളെ നേരത്തെ തിരിച്ചറിയാൻ സാധിക്കും.
കഴിഞ്ഞ വർഷങ്ങളിൽ മൃഗങ്ങളിൽ പടർന്നുപിടിച്ച എച്ച്5എൻ1 പോലുള്ള വൈറസുകൾ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. പണ്ട് ആഴ്ചകളെടുത്തിരുന്ന രോഗനിർണ്ണയം ഇപ്പോൾ എഐ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാം. മൃഗങ്ങളിൽ രോഗം കണ്ടെത്തുമ്പോൾ തന്നെ പ്രതിരോധം തീർക്കുന്നതിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളെ സുരക്ഷിതരാക്കാൻ ഇതിലൂടെ സാധിക്കുന്നു. ചുരുക്കത്തിൽ, വൈറസ് എവിടെയെങ്കിലും ഒന്ന് തുമ്മിയാൽ പോലും അത് എഐയുടെ കണ്ണിൽപ്പെടും. വരാനിരിക്കുന്ന വിപത്തുകളെ ശാസ്ത്രീയമായി തടയാൻ ഇന്ത്യ സജ്ജമായിക്കഴിഞ്ഞു.

