പൂച്ചാക്കൽ: ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറിയാകുകയാണ് വൈക്കം-തവണക്കടവ് ഫെറി. ഏഷ്യയിലെതന്നെ ആദ്യ സോളാർ ബോട്ടായ ആദിത്യയുടെ സർവീസ് വിജയിച്ചതിനു പിന്നാലെയാണ് ഫെറിയെത്തേടി പുതിയ നേട്ടമെത്തുന്നത്. നിലവിൽ വൈക്കത്തുനിന്ന് തവണക്കടവിലേക്ക് മൂന്നു സ്റ്റീൽ ബോട്ടുകളും ഒരു സോളാർ ബോട്ടുമാണ് സർവീസ് നടത്തുന്നത്. മൂന്നു സോളാർ ബോട്ടുകൾ കൂടിയെത്തുന്നതോടെ നിലവിലുള്ള മൂന്ന് സ്റ്റീൽ ബോട്ടുകൾ ഒഴിവാക്കും. നാല് സോളാർ ബോട്ടുകൾ സർവീസ് ഏറ്റെടുക്കുന്നതോടെയാണ് ഫെറി, സോളാർ എന്ന നേട്ടത്തിലേക്കുയരുന്നത്.
ആലപ്പുഴ- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തവണക്കടവ്- വൈക്കം ബോട്ട് സർവീസ്. വരുന്ന 20 നാണ് മൂന്ന് സോളാർ ബോട്ടുകൾ കൂടി ഇവിടെ സർവീസ് ആരംഭിക്കുന്നത്. ഈ ആധുനിക സോളാർ ബോട്ടിൽ ഒരേസമയം 75 യാത്രക്കാർക്ക് സഞ്ചരിക്കാം. 2017 ജനുവരി 13നാണ് ഏഷ്യയിലെ ആദ്യ സോളാർ ബോട്ടായ ആദിത്യ വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇതു വിജയിച്ചതോടെയാണ് പുതിയ മൂന്നു ബോട്ടുകൾകൂടി അനുവദിച്ചത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദിത്യയുടെ ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ കേന്ദ്രമന്ത്രി പീയൂഷ് ഗോയലും പങ്കെടുത്തിരുന്നു. ഇവർ ആദിത്യയിൽ കായൽ യാത്രയും നടത്തിയിരുന്നു.
സോളാർ ബോട്ടിന് ശബ്ദമോ ജലമലിനീകരണമോ അന്തരീക്ഷ മലിനീകരണമോ ഇല്ലെന്നതാണ് പ്രത്യേകത. സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധന ലാഭവുമുണ്ട്. ബാറ്ററികളിൽ ഊർജം സംഭരിച്ച് പിന്നീട് പ്രവർത്തിക്കാനുമാവും. പരമ്പരാഗത ഡീസൽ എൻജിനുകളെ അപേക്ഷിച്ച് സോളർ ബോട്ടുകൾക്ക് ചലിക്കുന്ന ഭാഗങ്ങൾ കുറവാണ്. അതിനാൽ തകരാറും അറ്റകുറ്റപ്പണിച്ചെലവും കുറവായിരിക്കും.സോളാർ ബോട്ടുകളുടെ ഉദ്ഘാടനം 20ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കും.
ഫെബ്രുവരി അവസാനത്തോടെ സോളാർ ബോട്ടുകൾ മാത്രമായിരിക്കും വൈക്കത്തുനിന്ന് തവണക്കടവിലേക്കു സർവീസ് നടത്തുക.പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുക, ഡീസൽ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

