വാഷിംഗ്ടൺ: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിച്ച് നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ‘ഗോർഡി ഹോവ്’ (Gordie Howe) അന്താരാഷ്ട്ര പാലം തുറക്കാൻ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ ചൈനയുമായി പുലർത്തുന്ന അടുത്ത വ്യാപാര ബന്ധമാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം പാലം തുറക്കുന്നത് തടയുമെന്നുമാണ് ട്രംപിന്റെ പുതിയ ഭീഷണി.
ദശാബ്ദങ്ങളായി കാനഡ അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും പാലത്തിന്റെ നിർമ്മാണത്തിൽ അമേരിക്കയ്ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും ട്രംപ് ആരോപിച്ചു. ഇതിന് പകരമായി പാലത്തിന്റെ പകുതി ഉടമസ്ഥാവകാശമോ തുല്യമായ മറ്റ് ആസ്തികളോ വേണമെന്നാണ് ആവശ്യം.കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയുമായി പുതിയ വ്യാപാര കരാറുകൾക്ക് ശ്രമിക്കുന്നത് അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ചൈനയുമായി സഹകരിച്ചാൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം തീരുവ (Tariff) ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൈനയുമായുള്ള ബന്ധം കാനഡയുടെ സംസ്കാരത്തെപ്പോലും ബാധിക്കുമെന്നും പ്രശസ്തമായ ‘സ്റ്റാൻലി കപ്പ്’ ഐസ് ഹോക്കി ടൂർണമെന്റ് ഉൾപ്പെടെയുള്ളവ ചൈന ഇല്ലാതാക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വിചിത്രമായി അവകാശപ്പെട്ടു. മിഷിഗണിലെ ഡെട്രോയിറ്റിനെയും ഒന്റാറിയോയിലെ വിൻഡ്സറെയും ബന്ധിപ്പിക്കുന്ന ഈ പാലം ഏകദേശം 640 കോടി ഡോളർ ചെലവിലാണ് നിർമ്മിക്കുന്നത്. കാനഡ പൂർണ്ണമായും പണം മുടക്കുന്ന ഈ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ വ്യാപാര പാതയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ട്രംപിന്റെ പുതിയ നിലപാടോടെ ഈ വർഷം നടക്കേണ്ട പാലത്തിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കാനഡയുമായി ഉടൻ ചർച്ചകൾ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

