സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ ‘പിങ്ക് ബസ്’ സർവീസ്; തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: സ്ത്രീകളുടെ രാത്രികാല യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും ആക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി തിരുവനന്തപുരത്ത് വനിതകൾക്കായി മാത്രമുള്ള ‘പിങ്ക് ബസ്’ സർവീസ് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സർവീസ് തിരുവനന്തപുരത്താണ് ആരംഭിച്ചിരിക്കുന്നത്.

ഐടി ജീവനക്കാർ, വിദ്യാർഥിനികൾ, ആശുപത്രി ജീവനക്കാർ, രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾ, ട്രെയിനുകളിൽ രാത്രി എത്തുന്ന വനിതാ യാത്രക്കാർ എന്നിവരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം–ടെക്നോപാർക്ക്, തിരുവനന്തപുരം–ആറ്റിങ്ങൽ ഉൾപ്പെടെയുള്ള റൂട്ടുകളിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളജ്, ആർസിസി, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. വൈകുന്നേരം മുതൽ രാത്രി വരെയും പുലർച്ചെ സമയത്തുമായി പ്രത്യേക ട്രിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾക്ക് സുരക്ഷിതമായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനുള്ള കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ ഈ പദ്ധതി പിന്നീട് സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *