ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് പുതിയ ഔദ്യോഗിക മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പുതിയ ഉത്തരവ് പ്രകാരം വന്ദേമാതരത്തിന്റെ ആറു ഖണ്ഡികകളും ഇനിമുതൽ ആലപിക്കണം. മൂന്നു മിനിറ്റും 10 സെക്കൻഡുമാണ് ആകെ ദൈർഘ്യം.
ഒരു മിനിറ്റും ഒൻപ്ത് സെക്കൻഡുമെടുത്ത് രണ്ടു ചരണം ആലപിക്കുകയായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ ഇനിമുതൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും ദേശീയ ഗീതത്തിന്റെ ആറു ചരണവും ആലപിക്കണം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ ദേശീയ ഗീതത്തിന് ദേശീയ ഗാനത്തോടൊപ്പം പ്രാധാന്യം നൽകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.
ദേശീയ ഗീതം ആലപിക്കുന്നതിന് അനുവദനീയമായ അവസരങ്ങളുടെ പട്ടിക നൽകാനാകില്ലെന്നും മാതൃരാജ്യത്തോടുള്ള ആദരം പ്രകടിപ്പിക്കാൻ സാധിക്കുന്ന അവസരങ്ങളിൽ ഇതു സാധ്യമാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇനിമുതൽ ദേശീയ ഗീതത്തിന്റെ ഔദ്യോഗിക പതിപ്പ് ആലപിക്കുമ്പോഴോ റെക്കാർഡ് ചെയ്ത ഭാഗം കേൾക്കുന്പോഴോ ദേശീയ ഗാനത്തോടു പ്രകടിപ്പിക്കുന്ന സമാന ആദരത്തോടെ നിൽക്കണമെന്നും നിർദേശമുണ്ട്.

