ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വ്യാഴാഴ്ച (ഫെബ്രുവരി 12) വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. നട തുറന്ന് ദീപം തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു. കുംഭം ഒന്നായ ഇന്ന് (ഫെബ്രുവരി 13) പുലർച്ചെ അഞ്ച് മണിക്ക് ദർശനത്തിനായി നട തുറന്നു. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകങ്ങളും നടന്നു.
കുംഭമാസ പൂജകളുടെ ഭാഗമായി കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമം, നെയ്യഭിഷേകം, ഉഷഃപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ നടക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജയും, തുടർന്ന് പുഷ്പാഭിഷേകവും അത്താഴപൂജയും ഉണ്ടായിരിക്കും. ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അഞ്ചുദിവസത്തെ പൂജകൾ പൂർത്തിയാക്കി ഫെബ്രുവരി 17-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ദർശനത്തിനായി എത്തുന്ന ഭക്തർ വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കെ.എസ്.ആർ.ടി.സി. വിവിധ ഡിപ്പോകളിൽ നിന്നായി പമ്പയിലേക്ക് പ്രത്യേക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്

