ആൻസാക് ദിനം: ന്യൂ സൗത്ത് വെയ്‌ൽസില്‍ രണ്ട് വർഷത്തേക്ക് അധിക അവധി പ്രഖ്യാപിച്ചു

സിഡ്‌നി: ന്യൂ സൗത്ത് വെയ്‌ൽസ് (NSW) നിവാസികൾക്ക് വരാനിരിക്കുന്ന രണ്ട് വർഷങ്ങളിൽ ആൻസാക് ദിനത്തോടനുബന്ധിച്ച് അധിക പൊതുഅവധി ലഭിക്കും. ആൻസാക് ദിനം ശനി, ഞായർ ദിവസങ്ങളിൽ വരുന്ന സാഹചര്യത്തിൽ തൊട്ടടുത്ത തിങ്കളാഴ്ച കൂടി പൊതുഅവധി നൽകാൻ പ്രീമിയർ ക്രിസ് മിൻസ് തീരുമാനിച്ചു. 2026 ഏപ്രിൽ 27 തിങ്കളാഴ്ചയും, 2027 ഏപ്രിൽ 26 തിങ്കളാഴ്ചയും ഇത്തരത്തിൽ അവധി ലഭിക്കും.

ആൻസാക് ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഈ മാറ്റം സ്ഥിരമാക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലും എ.സി.ടിയിലും (ACT) മാത്രമാണ് ആൻസാക് ദിനം വാരാന്ത്യങ്ങളിൽ വരുമ്പോൾ പകരം അവധി നൽകാറുള്ളത്. മറ്റ് പ്രധാന അവധി ദിവസങ്ങളായ ക്രിസ്മസ്, ബോക്സിംഗ് ഡേ എന്നിവയ്ക്ക് നൽകുന്ന അതേ പരിഗണന ആൻസാക് ദിനത്തിനും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ആൻസാക് ദിനത്തിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെ തന്നെ കൂടുതൽ ആളുകൾക്ക് സ്മരണാ പരിപാടികളിൽ പങ്കെടുക്കാൻ ഇത് സഹായകമാകുമെന്ന് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. എന്നാൽ ഈ തീരുമാനം ചെറുകിട ബിസിനസ് മേഖലയിൽ കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ചില വ്യാപാര സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റത്തിന് ശേഷം, 2032-ൽ ആൻസാക് ദിനം വീണ്ടും വാരാന്ത്യത്തിൽ വരുമ്പോൾ ഈ അവധി സ്ഥിരമാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *