കാൻബറ: ഓസ്‌ട്രേലിയയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നായ ദശാംശ നാണയ സമ്പ്രദായം (Decimal Currency) നടപ്പിലാക്കിയിട്ട് 60 വർഷം തികയുന്നു. ബ്രിട്ടീഷ് രീതിയിലുള്ള പൗണ്ട്, ഷില്ലിംഗ്, പെൻസ് സമ്പ്രദായങ്ങൾ ഉപേക്ഷിച്ച് ഡോളറും സെന്റും ഔദ്യോഗികമായി സ്വീകരിച്ചതിന്റെ ആറാം പതിറ്റാണ്ടാണ് രാജ്യം ആഘോഷിക്കുന്നത്.
1966 ഫെബ്രുവരി 14-നായിരുന്നു ഓസ്‌ട്രേലിയയിലെ ‘ചേഞ്ച് ഓവർ ഡേ’. സങ്കീർണ്ണമായ പഴയ രീതി മാറ്റി ലളിതമായ ദശാംശ സമ്പ്രദായം കൊണ്ടുവന്നത് രാജ്യത്തെ സാമ്പത്തിക രംഗം ആധുനികവൽക്കരിക്കു ന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരുന്നു. അക്കാലത്ത് ‘ഡോളർ ബിൽ’ (Dollar Bill) എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെ സർക്കാർ നടത്തിയ ബോധവൽക്കരണ പരിപാടികൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കറൻസി പരിവർത്തന മാതൃകകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.
അറുപതാം വാർഷികത്തോടനുബന്ധിച്ച് റോയൽ ഓസ്‌ട്രേലിയൻ മിന്റ് (Royal Australian Mint) പ്രത്യേക സ്മരണിക നാണയങ്ങൾ പുറത്തിറക്കി. സ്റ്റുവർട്ട് ഡെവ്ലിൻ രൂപകൽപ്പന ചെയ്ത ക്ലാസിക് നാണയങ്ങളിലെ കംഗാരു, പ്ലാറ്റിപ്പസ് തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ നാണയങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കറൻസി നോട്ടുകളിൽ നിന്ന് ഡിജിറ്റൽ ഇടപാടുകളിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുന്ന ഈ വേളയിലും, 60 വർഷം മുൻപുള്ള ഈ മാറ്റം ഓസ്‌ട്രേലിയൻ സ്വത്വത്തിന്റെ ഭാഗമായി നിലനിൽക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി

