ദുബായ്: പൊതുഗതാഗത രംഗത്ത് അത്യാധുനിക മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). നഗരത്തിലെ തിരക്കേറിയ മേഖലകളിൽ യാത്രാക്ലേശം പരിഹരിക്കാനായി വിഭാവനം ചെയ്ത ‘ട്രാക്ക്ലെസ്സ് ട്രാമുകൾ’ (Trackless Tram) വരുന്നു
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പാളങ്ങളില്ലാതെ റോഡിലൂടെ ഓടുന്ന ട്രാമുകളാണിവ. സെൻസറുകളുടെയും ഒപ്റ്റിക്കൽ ഗൈഡൻസ് സംവിധാനത്തിന്റെയും സഹായത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ഇത് റോഡിലെ മറ്റ് വാഹനങ്ങൾക്ക് തടസ്സമില്ലാതെ സുഗമമായ യാത്ര ഉറപ്പാക്കുന്നു. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന (Electric) ഈ ട്രാമുകൾ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സഹായിക്കും. ദുബായുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
അത്യാധുനിക ഇന്റീരിയർ, വൈഫൈ സൗകര്യം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ക്രമീകരണങ്ങൾ എന്നിവ ട്രാമിലുണ്ട്. കൂടുതൽ യാത്രക്കാരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ളതിനാൽ തിരക്കുള്ള സമയങ്ങളിൽ ഇത് വലിയ ആശ്വാസമാകും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. വരും മാസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാൻ ആർടിഎ ലക്ഷ്യമിടുന്നു.

