ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് കരുത്തേകി ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’ ന്യൂഡൽഹിയിൽ ആരംഭിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മെഗാ ടെക് ഉച്ചകോടി ഭാരത് മണ്ഡപത്തിലാണ് അരങ്ങേറുന്നത്.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ പ്രതിനിധികളും വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും നയതന്ത്രജ്ഞരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ എഐ ഹബ്ബാക്കി മാറ്റുന്നതിനായുള്ള സുപ്രധാന ചർച്ചകൾ സമ്മിറ്റിൽ നടക്കും.
എഐ രംഗത്തെ നവീനമായ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക, ഈ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുക, സുരക്ഷിതവും ധാർമ്മികവുമായ എഐ വികസനം ഉറപ്പാക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ

