കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്താനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും സർവ്വാധിപത്യം പുലർത്തിയ ‘മെൻ ഇൻ ബ്ലൂ’, പാകിസ്താനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പിൽ പാകിസ്താനെതിരായ ഇന്ത്യയുടെ റെക്കോർഡ് ഇതോടെ 8-1 എന്ന നിലയിലായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെന്ന മികച്ച സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർ അഭിഷേക് ശർമ്മയെ (0) ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും, ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിങ്ങ് ഇന്ത്യയെ കരകയറ്റി. വെറും 40 പന്തിൽ 10 ഫോറും 3 സിക്സും ഉൾപ്പെടെ 77 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. നായകൻ സൂര്യകുമാർ യാദവ് (32), തിലക് വർമ്മ (25), ശിവം ദുബെ (27) എന്നിവരും സ്കോറിംഗിൽ നിർണ്ണായക സംഭാവനകൾ നൽകി.
176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഓവറിൽ തന്നെ സാഹിബ്സാദ ഫർഹാനെ (0) മടക്കി ഹാർദിക് പാണ്ഡ്യയാണ് പാക് തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ജസ്പ്രീത് ബുംറ തന്റെ ആദ്യ ഓവറിൽ തന്നെ സൈം അയ്യൂബിനെയും പാക് ക്യാപ്റ്റൻ സൽമാൻ ആഘയെയും പുറത്താക്കി പാകിസ്താനെ വരിഞ്ഞുമുറുക്കി. സൂപ്പർ താരം ബാബർ അസം (5) അക്‌സർ പട്ടേലിന് മുന്നിൽ കീഴടങ്ങിയതോടെ പാകിസ്താന്റെ പ്രതീക്ഷകൾ അസ്തമിച്ചു. 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് ചെറിയ രീതിയിലെങ്കിലും ചെറുത്തുനിന്നത്.
ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗ്രൂപ്പ് എയിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതായാണ് സൂപ്പർ എട്ടിലേക്ക് കുതിച്ചത്.

