വാഷിങ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വംശീയമായ എഐ (AI) വിഡിയോ പങ്കുവെച്ച ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ ബറാക് ഒബാമ രംഗത്തെത്തി. ട്രംപിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച വിഡിയോയിൽ ഒബാമ ദമ്പതികളെ കുരങ്ങുകളായാണ് ചിത്രീകരിച്ചിരിക്കുന്നത്.
യൂട്യൂബർ ബ്രയാൻ ടൈലർ കോഹനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ തന്റെ പ്രതിഷേധം അറിയിച്ചത്. ട്രംപിന്റെ ഇത്തരം പെരുമാറ്റങ്ങൾ അമേരിക്കൻ ജനതയെ ആഴത്തിൽ അസ്വസ്ഥരാക്കുന്നുണ്ടെന്നും, ഭരണാധികാരികൾ കാത്തുസൂക്ഷിക്കേണ്ട അന്തസ്സും മാന്യതയും നിലവിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിൽ നടക്കുന്നത് വെറുമൊരു ‘കോമാളി കളി’ (Clown show) ആണെന്നും ഒബാമ വിശേഷിപ്പിച്ചു.
ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി ഫെഡറൽ ഏജന്റുകൾ (ICE) ജനങ്ങളെ വീടുകളിൽ നിന്ന് വലിച്ചിറക്കുന്നതിനെയും, കുട്ടികളെ ഇതിനായി ഉപയോഗിക്കുന്നതിനെയും ഒബാമ രൂക്ഷമായി വിമർശിച്ചു.ഭരണഘടനാപരമായ മൂല്യങ്ങളും മാന്യതയും ലംഘിക്കപ്പെടുന്ന ഇത്തരം നടപടികൾക്കെതിരെ അമേരിക്കയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുകയാണ്.

