ആഗോള എഐ ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചകളുമായി പ്രധാനമന്ത്രി; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റി’നിടെ ആഗോള നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, നെതർലൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിൻ, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

അബുദാബി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ചരിത്രപരമായ പശ്ചാത്തലം ഇരുനേതാക്കളും സ്മരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത ഇരുരാജ്യങ്ങളും പരമ്പരാഗത മേഖലകൾക്കൊപ്പം പുതിയ മേഖലകളിലും സംയുക്ത സംരംഭങ്ങൾക്ക് തുടക്കമിടാൻ ധാരണയായി.

നെതർലൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫുമായി നടത്തിയ ചർച്ചയിൽ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കായി എഐ സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ആശയവിനിമയം നടത്തി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിൽ അത് എത്രയും വേഗം നടപ്പിലാക്കുമെന്ന് ഇരുനേതാക്കളും ആവർത്തിച്ചു. ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധത അറിയിച്ചു.

സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിനുമായുള്ള ചർച്ചയിൽ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം എഐ ഇന്നൊവേഷനിലെ ഭാവി പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചു.

ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-ഗ്രീസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തു. പ്രതിരോധം, സുരക്ഷ, വ്യാപാരം, എഐ ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരിക്കാൻ തീരുമാനമായി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നൽകുന്ന ശക്തമായ പിന്തുണയ്ക്ക് ഗ്രീസ് പ്രധാനമന്ത്രിയോട് മോദി നന്ദി രേഖപ്പെടുത്തി.

സമുദ്ര സുരക്ഷയിലും ആഗോള സഹകരണത്തിലും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ഈ ഉഭയകക്ഷി ചർച്ചകൾ അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *