ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ അഞ്ചാം ദിവസവും തുടരുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026’ ഇന്ന് സമാപനത്തിലേക്ക്. ആഗോള എഐ ഭരണക്രമത്തിനായുള്ള സുപ്രധാനമായ ‘നേതാക്കളുടെ പ്രഖ്യാപനം’ (Leaders’ Declaration) ഉച്ചകോടിയുടെ അവസാന ദിനമായ ഇന്ന് അംഗീകരിക്കും. ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി ലോകരാജ്യങ്ങൾ പിന്തുടരേണ്ട സംയുക്ത ലക്ഷ്യരേഖയും ഇതിലൂടെ പുറത്തിറക്കും.
ഉച്ചകോടിയുടെ ഭാഗമായുള്ള നിർണ്ണായക ജിപിഎഐ (GPAI) കൗൺസിൽ യോഗങ്ങളും ഇന്ന് നടക്കും. അംഗരാജ്യങ്ങൾ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുകയും എഐ മേഖലയിലെ ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മുൻഗണനകൾക്ക് രൂപം നൽകുകയും ചെയ്യും. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചിരുന്നു.
അഞ്ഞൂറിലധികം എഐ വിദഗ്ധർ, നൂറിലധികം സിഇഒമാർ, 150 ഗവേഷകർ, നാനൂറോളം ചീഫ് ടെക്നിക്കൽ ഓഫീസർമാർ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഇത്തവണത്തെ ഉച്ചകോടി. സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കി എഐ സാങ്കേതികവിദ്യ എങ്ങനെ ജനനന്മയ്ക്കായി ഉപയോഗിക്കാം എന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചത്.
സന്ദർശകരുടെയും നൂതന സംരംഭകരുടെയും വൻ തിരക്ക് പരിഗണിച്ച് ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ’ ഫെബ്രുവരി 21 (ശനിയാഴ്ച) വരെ നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ആദ്യം നിശ്ചയിച്ചിരുന്നതിലും ഒരു ദിവസം കൂടി അധികമായി എക്സ്പോ പൊതുജനങ്ങൾക്ക് ലഭ്യമാകും. ഇതിനകം മൂന്ന് ലക്ഷത്തോളം പേരാണ് ഉച്ചകോടിക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

