സിൽചർ: അതിർത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘വൈബ്രന്റ് വില്ലേജസ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് (VVP-II) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസമിലെ കച്ചാർ ജില്ലയിൽ തുടക്കം കുറിക്കും. അതിർത്തി മേഖലകളിൽ സുസ്ഥിരമായ ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുന്ന ഈ പദ്ധതി, 2047-ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള സുപ്രധാന ചുവടുവെപ്പാണ്.
2028-29 സാമ്പത്തിക വർഷം വരെ നീളുന്ന പദ്ധതിക്കായി 6,800 കോടിയിലധികം രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ 15 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. അതിർത്തി സുരക്ഷയിൽ ഗ്രാമീണരെ പങ്കാളികളാക്കുക എന്ന തന്ത്രപരമായ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഗ്രാമങ്ങൾ കൂടുതൽ ശക്തമാകുന്നതോടെ പ്രദേശവാസികൾ രാജ്യത്തിന്റെ ‘കണ്ണും കാതുമായി’ വർത്തിക്കുമെന്നും ഇത് അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാനും ആഭ്യന്തര സുരക്ഷ വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു.
പദ്ധതി ഉദ്ഘാടനത്തിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലുള്ള ബി.എസ്.എഫിന്റെ നടൻപുർ അതിർത്തി പോസ്റ്റ് അമിത് ഷാ സന്ദർശിക്കും. ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളും അതിർത്തി വേലി കെട്ടുന്നതിലെ പുരോഗതിയും അദ്ദേഹം നേരിട്ട് വിലയിരുത്തും. ഉച്ചയ്ക്ക് ശേഷം ബരാക് വാലിയിൽ നടക്കുന്ന ബി.ജെ.പി റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ പ്രചാരണ പരിപാടികൾക്കും ഇതോടെ ഔദ്യോഗികമായി തുടക്കമാകും.
തുടർന്ന് ത്രിപുരയിലെ അഗർത്തലയിലേക്ക് തിരിക്കുന്ന അദ്ദേഹം രാത്രിയോടെ അസമിൽ തിരിച്ചെത്തും. ശനിയാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന സി.ആർ.പി.എഫിന്റെ വാർഷിക പരേഡിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. സോനാപൂരിലെ കസുതോലിയിൽ പത്താം അസം പോലീസ് ബറ്റാലിയന്റെ പുതിയ കാമ്പസിനായുള്ള തറക്കല്ലിടൽ കർമ്മവും ആഭ്യന്തര മന്ത്രി നിർവ്വഹിക്കും.

