സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നായ ബോണ്ടി ഭീകരാക്രമണത്തിന്റെ ഇതുവരെ പുറംലോകം കാണാത്ത ദൃശ്യങ്ങളും വിവരങ്ങളും പുറത്ത്. ഷാരി മാർക്സൺ തയ്യാറാക്കിയ പുതിയ ഡോക്യുമെന്ററിയിലാണ് ഡിസംബർ 14-ലെ കൂട്ടക്കുരുതിക്കിടെ സാധാരണക്കാരായ മനുഷ്യർ നടത്തിയ സമാനതകളില്ലാത്ത ധീരതയുടെ കഥകൾ വിവരിക്കുന്നത്.
ഭീകരർക്ക് നേരെ നിർഭയം കുതിച്ച റുവെൻ മോറിസൺ എന്ന ‘ബോണ്ടി ഹീറോ’യുടെ അവസാന നിമിഷങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്. തോക്കുധാരിയായ സാജിദ് അക്രമിനെ നേരിട്ട അഹമ്മദ് അൽ അഹമ്മദിനൊപ്പം ചേർന്ന് മോറിസൺ പോരാടുന്ന ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഭീകരന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത തോക്കുമായി ഒരു മരത്തിന് പിന്നിൽ മറഞ്ഞുനിന്ന മോറിസൺ, “നീയും നിന്റെ കൂട്ടുകാരനും…” എന്ന് ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം ഫുട്ബ്രിഡ്ജിൽ നിന്ന് വെടിയുതിർക്കുകയായിരുന്ന നവീദ് എന്ന മറ്റൊരു ഭീകരൻ മോറിസണെ ലക്ഷ്യം വെച്ച് വെടിവെക്കുകയായിരുന്നു. 11 തവണ വെടിയേറ്റ 61-കാരനായ മോറിസൺ പിന്നീട് മുറിവുകൾക്ക് കീഴടങ്ങി. തോക്ക് കൈകാര്യം ചെയ്യാൻ അറിയാമായിരുന്ന തന്റെ പിതാവ്, മറ്റാരും സഹായത്തിനെത്തുന്നില്ലെന്ന് കണ്ടപ്പോഴാണ് സ്വയം രംഗത്തിറങ്ങിയതെന്ന് മകൾ ഷീന ഗുട്നിക് വെളിപ്പെടുത്തി.
ആക്രമണത്തിന്റെ ആദ്യ നിമിഷങ്ങളെക്കുറിച്ചും ഡോക്യുമെന്ററി പുതിയ വിവരങ്ങൾ നൽകുന്നുണ്ട്. ഐസിസ് പതാക പുതപ്പിച്ച കാറിൽ നിന്നിറങ്ങിയ സാജിദ് അക്രമിനെ തടയാൻ ശ്രമിച്ച ബോറിസ് – സോഫിയ ഗുർമാൻ ദമ്പതികളുടെ ധീരതയാണ് കൂടുതൽ ജീവനുകൾ രക്ഷിച്ചത്. ഇവരുമായുള്ള മൽപിടുത്തത്തിനിടെ പുറത്തുവന്ന വെടിയൊച്ചയാണ് ജൂത ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് ആളുകൾക്ക് അപായസൂചന നൽകിയത്.
എന്നാൽ, ഈ ദമ്പതികൾക്കും മുൻപേ മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നതായാണ് പുതിയ കണ്ടെത്തൽ. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 20-കാരനായ ബാർടെൻഡർ എഡ് ബിക്കർസ്റ്റാഫിനാണ് ഭീകരരുടെ ആദ്യ വെടിയേറ്റത്. കാറിൽ നിന്നിറങ്ങിയ തോക്കുധാരികളെ കണ്ട് പകച്ചുനിന്ന എഡിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇടുപ്പിന് വെടിയേറ്റ ഇദ്ദേഹം ഒരു കാറിന് പിന്നിൽ ഒളിച്ചാണ് അന്ന് ജീവൻ രക്ഷിച്ചത്. സിഡ്നിയിലെ ജൂത സമൂഹത്തെ ലക്ഷ്യം വെച്ച് നടത്തിയ ഈ ഭീകരാക്രമണത്തിന്റെ കൂടുതൽ അന്വേഷണ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

