റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നു വീണ എയർ ആംബുലൻസിൽ ബ്ലാക് ബോക്സ് (ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ) ഇല്ലായിരുന്നുവെന്ന് സ്ഥിരീകരണം. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിന് ഇത് വലിയ വെല്ലുവിളിയാകുമെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിൽ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും വിമാനം കാട്ടിൽ തകർന്നു വീഴുകയുമായിരുന്നു. റാഞ്ചിയിൽ ചികിത്സയിലായിരുന്ന സഞ്ജയ് കുമാർ (41) എന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. രോഗിയും രണ്ട് പൈലറ്റുമാരും ഡോക്ടറും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും അപകടത്തിൽ മരണപ്പെട്ടു.
വ്യോമയാന നിയമപ്രകാരം 5,700 കിലോയിൽ താഴെ ഭാരമുള്ള വിമാനങ്ങൾക്ക് കോക്പിറ്റ് വോയ്സ് റിക്കോർഡറും (CVR) ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും (FDR) നിർബന്ധമില്ല. ഈ സാഹചര്യത്തിലാണ് അപകടത്തിൽപ്പെട്ട എയർ ആംബുലൻസിൽ ബ്ലാക് ബോക്സ് ഇല്ലാതിരുന്നത്.
ബ്ലാക് ബോക്സ് ഇല്ലാത്തതിനാൽ, എയർ ട്രാഫിക് കൺട്രോളുമായുള്ള അവസാന ആശയവിനിമയങ്ങൾ, ദൃക്സാക്ഷികളുടെ മൊഴികൾ, വിമാനത്തിന്റെ വെതർ റഡാർ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇനി അന്വേഷണം നടക്കുക.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിമാനം തകരാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്.

