മിഡിൽ ഈസ്റ്റ് സംഘർഷം,ഓസ്‌ട്രേലിയയിൽ ഇന്ധനവില കുതിച്ചുയരാൻ സാധ്യത; പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര

മെൽബൺ: മിഡിൽ ഈസ്റ്റിൽ ഇസ്രായേലും ഇറാനും തമ്മിൽ ആരംഭിച്ച യുദ്ധം ആഗോള വിപണിയിൽ എണ്ണവില വർധിപ്പിക്കുമെന്ന ഭീതിയെത്തുടർന്ന് ഓസ്‌ട്രേലിയയിലെ ഇന്ധന പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നു. വിതരണം തടസ്സപ്പെടുമെന്നും വില കുതിച്ചുയരുമെന്നുമുള്ള ആശങ്കയിൽ ടാങ്കുകൾ നിറയ്ക്കാനായി വാഹന ഉടമകൾ കൂട്ടത്തോടെ പമ്പുകളിലേക്ക് എത്തുന്ന കാഴ്ചയാണ് രാജ്യത്തുടനീളം ദൃശ്യമാകുന്നത്. പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെ പലയിടങ്ങളിലും ഇന്ധന വിതരണത്തിന് അധിക സമയം വേണ്ടിവരുന്നുണ്ട്.

ആഗോള എണ്ണ വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിൽ ഇതിനോടകം തന്നെ എട്ട് ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം നീണ്ടുനിൽക്കുകയും ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ‘ഹോർമുസ് കടലിടുക്ക്’ (Strait of Hormuz) ഇറാൻ തടയുകയും ചെയ്താൽ ആഗോള തലത്തിൽ കനത്ത ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാൻ തങ്ങളുടെ തീരപ്രദേശത്തെ ഈ പാത അടച്ചാൽ ലോകത്തെ എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനത്തോളം വിതരണം ചെയ്യുന്ന കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കില്ല.

നിലവിൽ സിഡ്‌നി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ലിറ്ററിന് ഏകദേശം 2 ഡോളറോളം ഉള്ള പെട്രോൾ വില വരും ആഴ്ചകളിൽ 2.50 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര വിപണിയിലെ വില വർധനവ് ഓസ്‌ട്രേലിയയിലെ പമ്പുകളിൽ പ്രതിഫലിക്കാൻ ഏഴ് മുതൽ പത്ത് ദിവസം വരെ സമയമെടുക്കുമെന്ന് എൻ.ആർ.എം.എ (NRMA) വക്താവ് പീറ്റർ ഖൗറി അറിയിച്ചു. ഇപ്പോൾ പമ്പുകളിൽ ലഭ്യമാകുന്ന ഇന്ധനം പഴയ നിരക്കിലുള്ളതായതിനാൽ ജനങ്ങൾ പരിഭ്രാന്തരായി കൂട്ടത്തോടെ ഇന്ധനം നിറയ്ക്കാൻ ഓടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

യുദ്ധം ദീർഘകാലം തുടരുകയാണെങ്കിൽ ഇന്ധനവില വർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമായേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) ഗവർണർ മിഷേൽ ബുള്ളക്കും പണപ്പെരുപ്പ ഭീഷണി ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ പക്കൽ നിലവിൽ സുരക്ഷിതമായ അളവിൽ ഇന്ധന ശേഖരം ഉണ്ടെങ്കിലും, മിഡിൽ ഈസ്റ്റിലെ സാഹചര്യം വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *