ഓസ്‌ട്രേലിയയിൽ വാർഷിക അവധി ഒന്നര മാസമാക്കാൻ നീക്കം; ട്രേഡ് യൂണിയനുകളുടെ പുതിയ നിർദ്ദേശം

മെൽബൺ: ഓസ്‌ട്രേലിയയിലെ ജോലി ചെയ്യുന്നവർക്ക് പ്രതിവർഷം ഒന്നര മാസം (ആറ് ആഴ്ച) വരെ വാർഷിക അവധി നൽകണമെന്ന ആവശ്യവുമായി രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (ACTU) രംഗത്തെത്തി. നിലവിൽ ലഭിച്ചുവരുന്ന നാല് മുതൽ അഞ്ച് ആഴ്ച വരെയുള്ള അവധി അഞ്ച് മുതൽ ആറ് ആഴ്ച വരെയായി ഉയർത്തണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യം.

ഓസ്‌ട്രേലിയൻ തൊഴിലാളികൾ പ്രതിവർഷം ശരാശരി ഒരു മാസത്തിലധികം ശമ്പളമില്ലാത്ത അധിക ജോലി (Unpaid work) ചെയ്യുന്നുണ്ടെന്ന് ‘സെന്റർ ഫോർ ഫ്യൂച്ചർ വർക്കി’ന്റെ കണക്കുകൾ ഉദ്ധരിച്ച് എ.സി.ടി.യു ചൂണ്ടിക്കാട്ടി. അമിതമായ ജോലിഭാരം ജീവനക്കാരിൽ കടുത്ത മാനസിക സമ്മർദ്ദത്തിനും തളർച്ചയ്ക്കും (Burnout) കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കാൻ അവധി ദിനങ്ങൾ വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യൂണിയൻ സെക്രട്ടറി സാലി മാനസ് പറഞ്ഞു.

“യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ നാല് ആഴ്ചയിലധികം വാർഷിക അവധി നിലവിലുണ്ട്. ഓസ്‌ട്രേലിയയിലും ഈ മാറ്റം കൊണ്ടുവരുന്നത് ന്യായവും യുക്തിസഹവുമാണ്. ഇത് തൊഴിലാളികളെ കൂടുതൽ സന്തോഷവാന്മാരും ഊർജ്ജസ്വലരുമാക്കും,” സാലി മാനസ് വ്യക്തമാക്കി. പ്രത്യേകിച്ച് യുവതലമുറയിലെ തൊഴിലാളികളാണ് കൂടുതൽ അധിക ജോലി ചെയ്യുന്നതെന്നും ഈ മാറ്റം അവർക്ക് വലിയ ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

നാഷണൽ എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡ്‌സുമായി (NES) ബന്ധപ്പെട്ട പാർലമെന്ററി അന്വേഷണ സമിതിക്ക് മുന്നിൽ എ.സി.ടി.യു ഈ നിർദ്ദേശം സമർപ്പിക്കും. ഈ ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ, 1970-കൾക്ക് ശേഷം രാജ്യത്തെ മിനിമം വാർഷിക അവധി മാനദണ്ഡങ്ങളിൽ വരുന്ന ആദ്യത്തെ വലിയ മാറ്റമായിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *