അഡലെയ്ഡ്: കഴിഞ്ഞ വർഷം ദുരൂഹസാഹചര്യത്തിൽ കാണാതായ സൗത്ത് ഓസ്ട്രേലിയൻ സ്വദേശിനി തൃഷ ഗ്രാഫിനായുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദമായ ഒരു വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനകൾക്കായി മാറ്റിയ ഈ വാഹനത്തിൽ നിന്ന് ലഭിക്കുന്ന തെളിവുകൾ 41-കാരിയായ തൃഷയുടെ തിരോധാനത്തിലേക്ക് വെളിച്ചം വീശുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒപ്പൽ ഖനനത്തിന് പേരുക്കേട്ട വിദൂര നഗരമായ ആൻഡമൂക്ക കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ ഊർജ്ജിതമായ തെരച്ചിൽ. പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ഖനികളും കുഴികളും ഉൾപ്പെടെ 315 ഓളം പോയിന്റുകൾ പോലീസ് വിശദമായി പരിശോധിച്ചു. ഈ പരിശോധനകളിൽ മറ്റ് തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും, ഇന്നലെ പിടിച്ചെടുത്ത വാഹനം കേസിൽ നിർണ്ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഈ വാഹനം ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് തൃഷ ഗ്രാഫിനെ കാണാതായത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്. ആവശ്യമെങ്കിൽ കൂടുതൽ തെളിവ ശേഖരണത്തിനായി വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു

