ദോഹ/റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ബസ് ട്രാൻസിറ്റ് സർവീസുകൾ പ്രഖ്യാപിച്ചു. ഖത്തറിലെ വ്യോമപാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയം ഈ ബദൽ സംവിധാനം ഒരുക്കിയത്.
ദോഹയിൽ നിന്നും ഏകദേശം 600 കിലോമീറ്റർ അകലെയുള്ള സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലേക്കാണ് ഷട്ടിൽ ബസ് സർവീസുകൾ നടത്തുന്നത്. ഏകദേശം ആറര മണിക്കൂർ നീളുന്നതാണ് ഈ യാത്ര. റിയാദിലെത്തുന്ന ഓസ്ട്രേലിയക്കാർക്ക് അവിടെ താത്കാലിക താമസസൗകര്യം വിദേശകാര്യ മന്ത്രാലയം ഉറപ്പാക്കും. അവിടെ നിന്നും കൊമേഴ്സ്യൽ വിമാനങ്ങൾ വഴി ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ഇവർക്ക് സാധിക്കും. ലഭ്യമാകുന്ന വിമാന ടിക്കറ്റുകൾ അടിയന്തരമായി പ്രയോജനപ്പെടുത്തണമെന്ന് വിദേശകാര്യ അസിസ്റ്റന്റ് മിനിസ്റ്റർ മാറ്റ് തിസിൽത്ത്വൈറ്റ് പൗരന്മാരോട് നിർദ്ദേശിച്ചു.
കഴിഞ്ഞ രാത്രിയിൽ നാല് പ്രത്യേക വിമാനങ്ങളിലായി 516 ഓസ്ട്രേലിയക്കാർ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. സിഡ്നി, പെർത്ത്, മെൽബൺ എന്നിവിടങ്ങളിലാണ് ഈ വിമാനങ്ങൾ ഇറങ്ങിയത്. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ 1324 ഓസ്ട്രേലിയൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ബഹ്റൈൻ, ലെബനൻ, ഖത്തർ എന്നിവിടങ്ങളിലുള്ളവർക്കും 24 മണിക്കൂർ കോൺസുലർ സഹായം സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഇസ്രായേൽ, ഇറാൻ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലെ പൗരന്മാർക്ക് നിലവിൽ ഈ സേവനം ലഭിക്കുന്നുണ്ട്.
അതേസമയം, മേഖലയിലെ വ്യോമപാത ഭാഗികമായി തുറന്നതിനെത്തുടർന്ന് എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് എന്നീ വിമാനക്കമ്പനികൾ സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്കും ചരക്ക് നീക്കത്തിനുമായി നിശ്ചിത എണ്ണം വിമാനങ്ങൾക്ക് മാത്രമാണ് നിലവിൽ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്.

