ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതിരോധ സഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രി പെനി വോങ്

കാൻബറ: ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിടുന്ന ഗൾഫ് രാജ്യങ്ങൾക്ക് പ്രതിരോധ സഹായം നൽകുന്ന കാര്യം ഓസ്‌ട്രേലിയൻ സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. എന്നാൽ ഇറാന്റെ മണ്ണിൽ നേരിട്ടുള്ള ഒരു സൈനിക നീക്കത്തിനും ഓസ്‌ട്രേലിയൻ സൈനികരെ അയക്കില്ലെന്ന് വിദേശകാര്യ മന്ത്രി പെനി വോങ് വ്യക്തമാക്കി.

ആക്രമണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ ചില ഗൾഫ് രാജ്യങ്ങൾ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, ഈ ആവശ്യം സർക്കാർ വളരെ ജാഗ്രതയോടെ പരിശോധിച്ചുവരികയാണെന്നും അവർ പറഞ്ഞു. നൽകാൻ ഉദ്ദേശിക്കുന്ന ഏതൊരു സഹായവും പ്രതിരോധപരമായ ആവശ്യങ്ങൾക്കായി മാത്രമായിരിക്കും. ഇറാന് എതിരെ ഒരു ആക്രമണത്തിനില്ലെന്നും ആ രാജ്യത്തേക്ക് ഓസ്‌ട്രേലിയൻ പ്രതിരോധ സേനയെ വിന്യസിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

“ഇത് ഇറാഖ് യുദ്ധം പോലെയല്ല, ഞങ്ങൾ ഹോവാർഡ് സർക്കാരുമല്ല. ഓസ്‌ട്രേലിയൻ പുരുഷന്മാരെയും സ്ത്രീകളെയും ഒരു കരയുദ്ധത്തിലേക്ക് അയക്കാൻ ഞങ്ങൾ ആവശ്യപ്പെടില്ല,” എന്ന് പെനി വോങ് വ്യക്തമാക്കി. അമേരിക്കയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെങ്കിലും നേരിട്ട് പങ്കെടുക്കില്ലെന്ന കഴിഞ്ഞ ആഴ്ചയിലെ നിലപാടിൽ നിന്നുള്ള മാറ്റമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *