ബെയ്റൂട്ട്: ഇസ്രായേലും ലബനീസ് സായുധ സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ബെയ്റൂട്ടിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരടക്കം 117 ഇറാനിയൻ പൗരന്മാരെ ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള സമയത്തിനുള്ളിൽ ഒരു റഷ്യൻ വിമാനത്തിലാണ് ഇവരെ സുരക്ഷിതമായി മാറ്റിയത്.നയതന്ത്ര ഉദ്യോഗസ്ഥരും എംബസി ജീവനക്കാരുമടക്കം 117 പേരാണ് റഷ്യൻ വിമാനത്തിൽ ബെയ്റൂട്ട് വിട്ടത്. സംഘർഷത്തിൽ കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മൃതദേഹങ്ങളും ഈ വിമാനത്തിൽ നാട്ടിലെത്തിച്ചു.
ലബനനിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) എല്ലാവിധ പ്രവർത്തനങ്ങളും ലബനീസ് അധികൃതർ കഴിഞ്ഞ വ്യാഴാഴ്ച നിരോധിച്ചിരുന്നു. കൂടാതെ, ലബനനിലേക്ക് പ്രവേശിക്കുന്ന ഇറാനിയൻ പൗരന്മാർക്ക് വിസ നിർബന്ധമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്.

