തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കുടുംബാംഗങ്ങളിൽ നിന്ന് തന്നെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, 2013-ലെ സമാനമായ രാഷ്ട്രീയ സാഹചര്യം ഓർമ്മിപ്പിച്ച് പ്രതിപക്ഷവും സോഷ്യൽ മീഡിയയും രംഗത്ത്. അന്ന് ഗണേഷ് കുമാറിനെതിരെ ആദ്യ ഭാര്യ പരാതിയുമായി എത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അതിരൂക്ഷമായി വിമർശിച്ച പിണറായി വിജയൻ, ഇന്ന് സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരെ ആരോപണം ഉയർന്നിട്ടും മൗനം പാലിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന വിമർശനം ശക്തമാകുന്നു.
2013-ൽ ഗണേഷ് കുമാർ മന്ത്രിയായിരിക്കെ ഉയർന്ന കുടുംബപ്രശ്നങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയൻ, ഉമ്മൻ ചാണ്ടി സർക്കാരിനെ ‘അനാശാസ്യത്തിന് കുടപിടിക്കുന്നവർ’ എന്ന് വിശേഷിപ്പിക്കുകയും ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സഭയ്ക്കകത്തും പുറത്തും കടുത്ത പ്രതിഷേധം നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സമാനമായ ആരോപണങ്ങൾ വീണ്ടും ഉയർന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഇരമ്പുന്നത്.
വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. ഗണേഷ് കുമാറിനെ സംരക്ഷിക്കുന്നത് മകൾക്ക് വേണ്ടിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് പ്രതിപക്ഷ കേന്ദ്രങ്ങൾ നടത്തുന്നത്. ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും കുടുംബത്തിനകത്തെ പരാതികളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നുമാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ആവശ്യം. എന്നാൽ ഗണേഷ് കുമാറിനെതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്ന നിലപാടിലാണ് ഒരു വിഭാഗം ഇടത് നേതാക്കൾ.

