ലോകകപ്പ് ജേതാക്കൾക്ക് ബി.സി.സി.ഐയുടെ റെക്കോർഡ് പാരിതോഷികം; സഞ്ജു അടക്കമുള്ള താരങ്ങൾക്ക് 6 കോടി വീതം

മുംബൈ: ടി-20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് റെക്കോർഡ് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ലോകകപ്പ് സ്ക്വാഡിലെ 15 താരങ്ങൾക്ക് 6 കോടി രൂപ വീതം ലഭിക്കും. ആകെ 131 കോടി രൂപയാണ് ബി.സി.സി.ഐ പാരിതോഷികമായി അനുവദിച്ചിരിക്കുന്നത്.

ടൂർണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 ലോകകപ്പ് കിരീടം ഉയർത്തിയത്.

താരങ്ങൾക്ക് നൽകുന്ന 90 കോടി രൂപയ്ക്ക് പുറമെ, ബാക്കിയുള്ള 41 കോടി രൂപ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അടക്കമുള്ള പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും വീതിച്ചു നൽകും. 2024-ലെ ലോകകപ്പ് വിജയത്തിന് നൽകിയ 125 കോടി രൂപയുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യ ഇതോടെ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *