സിഡ്നി: ഇറാനിയൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് അഭയം നൽകിയതിന് പിന്നാലെ, വിസ നിയമങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ നീക്കം വിവാദമാകുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന ഏഷ്യൻ കപ്പ് മത്സരത്തിന് മുന്നോടിയായി ഇറാനിയൻ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച അഞ്ച് വനിതാ താരങ്ങൾക്കാണ് ആഭ്യന്തര മന്ത്രി ടോണി ബർക്ക് മാനുഷിക പരിഗണന മുൻനിർത്തി വിസ അനുവദിച്ചത്. എന്നാൽ, ഇതിന് തൊട്ടുപിന്നാലെ 7000-ഓളം ഇറാനികൾക്ക് ഓസ്ട്രേലിയയിലേക്ക് വരുന്നത് തടയാൻ കഴിയുന്ന തരത്തിൽ മൈഗ്രേഷൻ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
നിലവിൽ അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, താൽക്കാലിക വിസ കൈവശമുള്ളവർ അത് ഉപയോഗിച്ച് ഓസ്ട്രേലിയയിൽ അഭയം തേടാനോ താമസം തുടരാനോ സാധ്യതയുണ്ടെന്ന് സർക്കാർ ഭയപ്പെടുന്നു. യുദ്ധം തുടങ്ങുന്നതിന് മുൻപ് വിസ ലഭിച്ചവർക്ക് ഈ നിയന്ത്രണം ബാധകമാകും. രാജ്യത്തേക്ക് സ്ഥിരമായി വരുന്നത് ആരാണെന്ന് സർക്കാരിന് വ്യക്തമായ തീരുമാനമെടുക്കാൻ ഈ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി ടോണി ബർക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് ഗ്രീൻസ് ഇമിഗ്രേഷൻ വക്താവ് ഡേവിഡ് ഷോബ്രിഡ്ജ് പറഞ്ഞു. ഒരു വശത്ത് ഏതാനും താരങ്ങൾക്ക് സംരക്ഷണം നൽകി പ്രശസ്തി നേടാൻ ശ്രമിക്കുന്ന ലേബർ സർക്കാർ, മറുവശത്ത് സംരക്ഷണം ആവശ്യമുള്ള മറ്റ് ഇറാനികൾക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ ധാർമ്മികമായി പരാജയപ്പെട്ടുവെന്ന് ഗ്രീൻസ് നേതാവ് സെനറ്റർ ലാറിസ വാട്ടേഴ്സും ആരോപിച്ചു. നിയമഭേദഗതി പാർലമെന്റിന്റെ പരിഗണനയിലാണെങ്കിലും കോയലിഷന്റെ പിന്തുണയോടെ ഇത് പാസാകുമെന്നാണ് സൂചന.

