കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറേനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 45 നാവികരുടെ മൃതദേഹങ്ങൾ ശ്രീലങ്ക ഇറാന് കൈമാറി. ഗാലെ പോലീസിന്റെ അപേക്ഷ പരിഗണിച്ച് ചീഫ് മജിസ്‌ട്രേറ്റ് സമീര ദൊഡംഗൊഡ നൽകിയ ഉത്തരവിനെത്തുടർന്നാണ് മൃതദേഹങ്ങൾ ഇറാൻ എംബസി അധികൃതർക്ക് വിട്ടുനൽകിയത്.മത്തല അന്താരാഷ്ട്ര വിമാനത്താവളം വഴി മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടുപോകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഗാലെയ്ക്ക് സമീപം യുഎസ് അന്തർവാഹിനി നടത്തിയ ആക്രമണത്തിലാണ് ‘ഐറിസ് ദേന’ എന്ന ഇറേനിയൻ യുദ്ധക്കപ്പൽ മുങ്ങിയത്. സംഭവസ്ഥലത്തുനിന്ന് ആകെ 84 മൃതദേഹങ്ങൾ കണ്ടെടുത്തതായി കഴിഞ്ഞ ബുധനാഴ്ച ശ്രീലങ്ക വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഈ കപ്പൽ. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 32 പേരെ നിലവിൽ ഗാലെയിലെ ശ്രീലങ്കൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്.

