സൗദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ വ്യാപക ആക്രമണം; ഗ്യാസ് ഉത്പാദന കേന്ദ്രങ്ങൾ അടച്ചു

റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളെ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ. പത്തോളം ബാലിസ്റ്റിക് മിസൈലുകളും 22 ഡ്രോണുകളുമാണ് പ്രതിരോധ സേന വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ചില ഗ്യാസ് ഉത്പാദന കേന്ദ്രങ്ങൾ മുൻകരുതൽ നടപടിയായി അടച്ചുപൂട്ടി.

റിയാദിന് നേരെ വന്ന മിസൈലുകൾ ആകാശത്തുവെച്ച് തകർക്കുന്നതിനിടെ അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചു. ഇതിനെത്തുടർന്ന് നാല് ഏഷ്യൻ പ്രവാസികൾക്ക് പരിക്കേറ്റു. റിയാദിലെ ചില കെട്ടിടങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.നിലവിൽ 405 ഡ്രോണുകളും 30 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളും തകർക്കാൻ സൗദി സേനയ്ക്ക് സാധിച്ചിട്ടുണ്ട്. സിവിൽ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജാഗ്രതാ നിർദ്ദേശം നൽകി. ജനലുകൾക്കും ഗ്ലാസ് വാതിലുകൾക്കും സമീപത്ത് നിന്ന് മാറി നിൽക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ പരിശോധനകൾ തുടരുകയാണെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *