ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് അവർ ചികിത്സയിലുള്ളത്.ഡോക്ടർമാരുടെ വിദഗ്ധ സംഘം അവരുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. നിലവിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും പരിശോധനാ ഫലങ്ങൾ തൃപ്തികരമാണെന്നും ആശുപത്രി വക്താക്കൾ വ്യക്തമാക്കി.നേരത്തെയും സമാനമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് അവർ ചികിത്സ തേടിയിട്ടുണ്ട്.പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആശുപത്രിയിൽ സോണിയ ഗാന്ധിക്കൊപ്പമുണ്ട്.
സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

