വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനിക സന്നാഹങ്ങൾ അയച്ച് അമേരിക്ക. ഇതിന്റെ ഭാഗമായി ഭീമാകാരമായ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്’ ഉടൻ മേഖലയിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എൺപതിലധികം യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്. നിലവിൽ യുഎസ്എസ് ജെറാൾഡ് ഫോർഡ്, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ രണ്ട് വിമാനവാഹിനികൾ മേഖലയിൽ ഇറാനെതിരായ സൈനിക നടപടികളിൽ പങ്കുചേരുന്നുണ്ട്. മിസൈൽ നശീകരണ ശേഷിയുള്ള യുഎസ്എസ് ഡൊണാൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നീ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങിക്കഴിഞ്ഞു. കൂടാതെ യുഎസ്എസ് റോസ് എന്ന കപ്പലും യാത്ര തിരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാനെതിരായ പ്രതിരോധവും ആക്രമണശേഷിയും വർദ്ധിപ്പിക്കാനാണ് അമേരിക്കയുടെ ഈ നീക്കം.പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് അമേരിക്കൻ വിമാനവാഹിനികളുടെ എണ്ണം വർദ്ധിക്കുന്നത് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.
പശ്ചിമേഷ്യയിൽ യുദ്ധസന്നാഹം ശക്തമാക്കി അമേരിക്ക; യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് ഉടൻ എത്തും

