കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം എട്ടുപേർ പിടിയിൽ

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നുകളുമായി എട്ടുപേർ പിടിയിലായി. കൊക്കയ്ൻ, മെത്താഫിറ്റമിൻ (MDMA), ഹൈബ്രിഡ് കഞ്ചാവ്, എക്സ്റ്റസി പിൽസ് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. പിടിയിലായവരിൽ ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ എന്നിവരും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.തിരുവനന്തപുരം ശംഖുമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശി ഓസ്റ്റിൻ ജോസ്, അഭിഭാഷകൻ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, നൂറനാട് സ്വദേശിയായ ന്യൂട്രീഷ്യൻ അക്ബർ ഷാ, ദന്ത ഡോക്ടർ ബെൻസി റാവൂത്തർ, കൊല്ലം സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥി അമൽ റൗഫ് എന്നിവരാണ് അറസ്റ്റിലായത്.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കയ്ൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ പോലീസ് പിടിച്ചെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസും ഡാൻസാഫ് (DANSAF) ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഇവന്റ് മാനേജ്മെന്റ് ഉടമയെന്ന് പോലീസ് സംശയിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്വാധീനമുള്ളവർ ലഹരിമാഫിയയുടെ ഭാഗമാകുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായി ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *