കാൻബറ: ആഗോളതലത്തിൽ ഇന്ധന വിതരണം പെട്ടെന്ന് നിലച്ചാൽ ഓസ്‌ട്രേലിയ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ആഗോള ഇന്ധന വിപണിയെ ബാധിച്ചിരിക്കെ, രാജ്യത്തിന്റെ തന്ത്രപ്രധാനമായ എണ്ണ ശേഖരത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. നിലവിൽ ഓസ്‌ട്രേലിയയുടെ പക്കലുള്ള ഇന്ധനശേഖരം മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ് പ്രധാന വെല്ലുവിളി.
ഇന്റർനാഷണൽ എനർജി ഏജൻസിയിലെ (IEA) അംഗമെന്ന നിലയിൽ, കുറഞ്ഞത് 90 ദിവസത്തേക്കുള്ള ഇന്ധനം കരുതിവെക്കാൻ ഓസ്‌ട്രേലിയക്ക് ബാധ്യതയുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളെപ്പോലെ സർക്കാർ നേരിട്ട് ഒരു വലിയ ‘സ്ട്രാറ്റജിക് സ്റ്റോക്ക്പൈൽ’ സൂക്ഷിക്കുന്നതിന് പകരം, സ്വകാര്യ എണ്ണക്കമ്പനികൾ നിശ്ചിത അളവിൽ ഇന്ധനം കരുതണമെന്ന നിയമമാണ് ഓസ്‌ട്രേലിയ പിന്തുടരുന്നത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഓസ്‌ട്രേലിയയുടെ പക്കൽ 38 ദിവസത്തെ പെട്രോളും 32 ദിവസത്തെ ഡീസലും 29 ദിവസത്തെ വിമാന ഇന്ധനവും മാത്രമാണുള്ളത്. ഇത് ഐ.ഇ.എ നിർദ്ദേശിച്ച പരിധിയേക്കാൾ വളരെ താഴെയാണ്.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്‌ട്രേലിയയുടെ സാഹചര്യം ഏറെ പിന്നിലാണ്. ജപ്പാന്റെ പക്കൽ ഏകദേശം 254 ദിവസത്തേക്കും ദക്ഷിണ കൊറിയയുടെ പക്കൽ 200 ദിവസത്തേക്കുമുള്ള എണ്ണശേഖരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തന്ത്രപ്രധാന ശേഖരമുള്ള അമേരിക്കയുടെ പക്കൽ യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ 415 ദശലക്ഷം ബാരൽ എണ്ണയുണ്ടായിരുന്നു (ഏകദേശം 125 ദിവസത്തേക്ക്). ഇതിനുപുറമെ സ്വകാര്യ മേഖലയിൽ 439.3 ദശലക്ഷം ബാരൽ ശേഖരം വേറെയുമുണ്ട്. ചൈനയുടെ എണ്ണശേഖരം ഇതിലും വലുതാണെന്നാണ് കണക്കാക്കപ്പെടുന്നത്.
എങ്കിലും രാജ്യത്തെ ഇന്ധന വിതരണം സുരക്ഷിതമാണെന്നാണ് ഫെഡറൽ സർക്കാരിന്റെ വാദം. യുദ്ധസാഹചര്യത്തിൽ ആറ് ഷിപ്പ്‌മെന്റുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നെങ്കിലും അവയ്ക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും അധികം ഇന്ധനം ഉറപ്പാക്കിയതായും സർക്കാർ വ്യക്തമാക്കുന്നു. ഹ്രസ്വകാലത്തേക്ക് പ്രതിസന്ധികളുണ്ടാകില്ലെന്നാണ് ഔദ്യോഗിക നിലപാട്

