അൽ-അഖ്സ പള്ളിയിൽ തുടർച്ചയായ നാലാം വാരവും വെള്ളിനാഴ്ച നമസ്കാരം തടഞ്ഞ് ഇസ്രായേൽ

ജെറൂസലേം: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ അധികൃതർ തുടർച്ചയായ നാലാം ആഴ്ചയും മുസ്ലീം തീർത്ഥാടകർക്ക് അൽ-അഖ്സ പള്ളിയിൽ പ്രവേശനം നിഷേധിച്ചു. ഫെബ്രുവരി 28 മുതൽ പള്ളി പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഇറാനുമായുള്ള യുദ്ധസാഹചര്യത്തെത്തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.ഇസ്രായേൽ പോലീസ് പള്ളിയുടെ കവാടങ്ങൾ അടയ്ക്കുകയും പഴയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. നിലവിൽ പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇസ്ലാമിക് വഖഫ് ജീവനക്കാർക്കും മാത്രമാണ് ഉള്ളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.പള്ളിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സമീപത്തെ സലാ അൽ-ദിൻ സ്ട്രീറ്റ് ഉൾപ്പെടെയുള്ള തെരുവുകളിൽ നമസ്കരിക്കാൻ ശ്രമിച്ച ഫലസ്തീനികളെയും പോലീസ് തടഞ്ഞതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു.ഇതോടൊപ്പം തന്നെ ക്രൈസ്തവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ചർച്ച് ഓഫ് ദ ഹോളി സെപ്പൽച്ചറും അധികൃതർ അടപ്പിച്ചിരിക്കുകയാണ്.1967-ന് ശേഷം ഇതാദ്യമായാണ് ഈദ് നമസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഇത്തരത്തിൽ തടയപ്പെടുന്നത്. ഈ നടപടിയെ അറബ്-മുസ്ലീം രാജ്യങ്ങൾ ശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *