മോസ്കോ: റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നായ ഉസ്ത്-ലുഗ (Ust-Luga) തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. തുറമുഖത്തെ ഓയിൽ ടെർമിനലിനെ ലക്ഷ്യമിട്ടുണ്ടായ ഈ ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഉസ്ത്-ലുഗ ഉൾപ്പെടുന്ന ലെനിൻഗ്രാഡ് പ്രവിശ്യയിൽ 36 ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രാദേശിക സർക്കാർ അറിയിച്ചു. എങ്കിലും ഓയിൽ ടെർമിനലിന് നേരെ ഉണ്ടായ ആക്രമണം വൻ നാശനഷ്ടങ്ങൾക്ക് കാരണമായി.പ്രതിദിനം ഏഴ് ലക്ഷം വീപ്പ എണ്ണ കയറ്റി അയച്ചിരുന്ന ഈ തുറമുഖത്തെ ആക്രമണം ഗുരുതരമായി ബാധിച്ചു. നിലവിൽ തുറമുഖത്തിന്റെ കയറ്റുമതി ശേഷിയിൽ 46 മുതൽ 60 ശതമാനം വരെ കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ പതിവായിട്ടുണ്ട്. റഷ്യയുടെ സാമ്പത്തിക സ്രോതസ്സായ ഊർജ്ജ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ നീക്കങ്ങൾ നടത്തുന്നത്.റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, റഷ്യൻ മണ്ണിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള യുക്രെയ്ന്റെ പുതിയ സൈനിക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര എണ്ണ വിപണിയിലും ഈ ആക്രമണം ചലനങ്ങൾ ഉണ്ടാക്കിയേക്കാം.
റഷ്യൻ തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം; എണ്ണ കയറ്റുമതിയിൽ വൻ കുറവ്

