ന്യൂഡൽഹി: രാജ്യത്ത് പാചകവാതക (LPG) ക്ഷാമം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനായി പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണം ചെയ്യാൻ മന്ത്രാലയം അനുമതി നൽകി.നിലവിൽ മണ്ണെണ്ണമുക്തമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും താൽക്കാലികമായി മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനാണ് തീരുമാനം. ഹരിയാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ മണ്ണെണ്ണമുക്ത സംസ്ഥാനങ്ങളിൽ പാചക ആവശ്യങ്ങൾക്കും വിളക്കുകൾ തെളിക്കുന്നതിനുമായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. റേഷൻ കടകൾക്ക് പുറമെ പൊതുമേഖലാ എണ്ണ കമ്പനികളുടെ പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ ലഭ്യമാക്കും.ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ട് പെട്രോൾ പമ്പുകളിൽ 5000 ലിറ്റർ മണ്ണെണ്ണ വരെ സംഭരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.മണ്ണെണ്ണ വിതരണത്തിനുള്ള മാനദണ്ഡങ്ങളും അളവും നിശ്ചയിക്കാനുള്ള അധികാരം അതത് സംസ്ഥാന/കേന്ദ്രഭരണ സർക്കാരുകൾക്കായിരിക്കും. സാധാരണഗതിയിൽ ഒരാൾക്ക് പ്രതിമാസം അര ലിറ്റർ എന്ന തോതിലായിരിക്കും വിതരണം.
എൽപിജി ക്ഷാമം: പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതി

