വാഷിംഗ്ടൺ ഡിസി: ഇറാന്റെ എണ്ണ ശേഖരം പിടിച്ചെടുക്കുന്നതിനാണ് തന്റെ ഭരണകൂടം മുൻഗണന നൽകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, ആവശ്യമെങ്കിൽ അത് നടപ്പിലാക്കാൻ യുഎസിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.”സത്യം പറഞ്ഞാൽ ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം,” ട്രംപ് പറഞ്ഞു. ഖാർഗ് ദ്വീപിലെ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാണെന്നും അതിനാൽ ആ ദ്വീപ് പിടിച്ചെടുക്കുക യുഎസിന് എളുപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വെനസ്വേലയിൽ യുഎസ് നടത്തിയതിന് സമാനമായ നീക്കമായിരിക്കും ഇതെന്ന് അദ്ദേഹം സൂചന നൽകി. നേരത്തെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യുഎസ് അവിടുത്തെ എണ്ണവിപണിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.ഇറാനിൽ യുഎസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുമെന്ന ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഈ പ്രസ്താവന അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
ഇറാന്റെ എണ്ണയും ഖാർഗ് ദ്വീപ് പിടിച്ചെടുക്കും; വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

