സോഷ്യൽ മീഡിയാ വിലക്ക്; നിയമങ്ങൾ പാലിക്കാത്ത വമ്പൻ കമ്പനികൾക്ക് കോടികളുടെ പിഴ വരുന്നു

സിഡ്‌നി: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഫലപ്രദമായി നടപ്പിലാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയുമായി ഓസ്‌ട്രേലിയൻ ഓൺലൈൻ സുരക്ഷാ വാച്ച്‌ഡോഗ് (eSafety). ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ്, യൂട്യൂബ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ നിയമം പാലിക്കുന്നതിൽ വലിയ വീഴ്ച വരുത്തിയതായി ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പുറത്തുവിട്ട ആദ്യ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിയമം നിലവിൽ വന്ന് ആദ്യ മൂന്ന് മാസത്തിനുള്ളിൽ വലിയ തോതിൽ അക്കൗണ്ടുകൾ നീക്കം ചെയ്തെങ്കിലും, പല പ്ലാറ്റ്‌ഫോമുകളിലും ഇപ്പോഴും പോരായ്മകൾ നിലനിൽക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവർ എന്ന് നേരത്തെ സ്വയം വെളിപ്പെടുത്തിയ കുട്ടികളെപ്പോലും വീണ്ടും പ്രായം തെളിയിക്കാൻ പ്രേരിപ്പിക്കുക, പരാജയപ്പെട്ടാലും വീണ്ടും വീണ്ടും ശ്രമിക്കാൻ അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന വീഴ്ചകൾ. കൂടാതെ, പ്രായപരിധിയുള്ള അക്കൗണ്ടുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ എളുപ്പവഴികളില്ലാത്തതും അക്കൗണ്ട് നിർമ്മാണം തടയുന്നതിൽ പരാജയപ്പെട്ടതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടികളിലേക്ക് നീങ്ങുകയാണെന്ന് കമ്മീഷണർ അറിയിച്ചു. കുറ്റക്കാർ എന്ന് കണ്ടെത്തുന്ന പ്ലാറ്റ്‌ഫോമുകൾക്ക് 49.5 ദശലക്ഷം ഡോളർ (ഏകദേശം 270 കോടി രൂപ) വരെ സിവിൽ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോഴും കുട്ടികൾ ഉണ്ടെന്നത് മാത്രമല്ല, അത് തടയാൻ ആവശ്യമായ സംവിധാനങ്ങൾ കമ്പനികൾ ഒരുക്കിയില്ല എന്നതിനാണ് പിഴ ഈടാക്കുക.

അതേസമയം, നിയമം പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റയും ഉടമസ്ഥരായ മെറ്റ അറിയിച്ചു. എന്നാൽ ഓൺലൈനായി പ്രായം കൃത്യമായി നിർണ്ണയിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും, ആപ്പ് സ്റ്റോറുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റം തലത്തിലും കർശനമായ പ്രായപരിശോധനയും മാതാപിതാക്കളുടെ അനുമതിയും ഉറപ്പാക്കുന്നതാണ് കൂടുതൽ പ്രായോഗികമെന്നും മെറ്റ വക്താവ് അഭിപ്രായപ്പെട്ടു. പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിയമങ്ങൾ ഉടൻ തന്നെ നടപ്പിലാക്കാൻ കഴിയുമെന്നും അല്ലാത്തപക്ഷം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇ-സേഫ്റ്റി കമ്മീഷണർ മുന്നറിയിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *