ആശങ്കകൾ അവഗണിച്ച് എഫ്‌സിആർഎ (FCRA) ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ; പ്രതിപക്ഷം പ്രതിഷേധത്തിൽ

ന്യൂഡൽഹി: വ്യാപകമായ പ്രതിഷേധങ്ങളും ആശങ്കകളും നിലനിൽക്കെ, വിദേശ സഹായ നിയന്ത്രണ നിയമ (FCRA) ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ പാസാക്കാൻ കേന്ദ്ര സർക്കാർ നീക്കം. സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ ഭേദഗതികളെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധത്തിലാണ്.

എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുകയോ, പുതുക്കാതിരിക്കുകയോ ചെയ്യുന്ന സംഘടനകളുടെ ആസ്തികൾ ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതിയിലെ പ്രധാന നിർദ്ദേശം. ഇതിനായി ഒരു ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’യെ സർക്കാർ നിയമിക്കും.ലൈസൻസ് പുതുക്കുന്നതിലെ സാങ്കേതികമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ മിഷണറി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഈ നിയമം വഴിയൊരുക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

വിദേശത്തുനിന്നുള്ള ഫണ്ട് സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ബില്ലിൽ കർശനമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ലൈസൻസ് കാലാവധി കഴിഞ്ഞാൽ സംഘടനകളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ഫണ്ട് വിനിയോഗിക്കാൻ സാധിക്കാതെ വരികയും ചെയ്യും.വിദേശ ഫണ്ടുകൾ നിർബന്ധിത മതപരിവർത്തനത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് കർശനമായ നിയമം കൊണ്ടുവരുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *