ഇന്ധന നികുതി വെട്ടിക്കുറച്ചു; എങ്കിലും വില കുറയാൻ ദിവസങ്ങളെടുത്തേക്കും, ആശങ്ക വിട്ടുമാറാതെ ഓസ്‌ട്രേലിയ

കാൻബറ: ഓസ്‌ട്രേലിയയിൽ ഇന്ധനവില കുറയ്ക്കുന്നതിനായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കൽ നടപടി ഇന്ന് (ഏപ്രിൽ 1) മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ധന നികുതി പകുതിയായി കുറച്ചതോടെ ലിറ്ററിന് 26.3 സെന്റ് വരെ വില കുറയുമെന്നാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസി അറിയിച്ചത്. എന്നാൽ, ഇതിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്താൻ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കുമെന്നാണ് സൂചന.

മധ്യേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതോടെ ഓസ്‌ട്രേലിയയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നിരുന്നു. നിലവിൽ അൺലെഡഡ് പെട്രോളിന് ലിറ്ററിന് 2.53 ഡോളറും ഡീസലിന് 3 ഡോളറിന് മുകളിലുമാണ് വില. ഈ സാഹചര്യത്തിലാണ് മൂന്ന് മാസത്തേക്ക് നികുതി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ട്രക്കുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കുമുള്ള ഹെവി റോഡ് വെഹിക്കിൾ യൂസർ ചാർജും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

പുതിയ നികുതി നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നുവെങ്കിലും, പെട്രോൾ പമ്പുകളിൽ നിലവിലുള്ള സ്റ്റോക്ക് തീർന്നതിനുശേഷം മാത്രമേ കുറഞ്ഞ വിലയിൽ ഇന്ധനം നൽകാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. നഗരങ്ങളിലെ വലിയ പമ്പുകളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ വില കുറയുമെങ്കിലും പ്രാദേശിക മേഖലകളിൽ മാറ്റം പ്രകടമാകാൻ രണ്ടാഴ്ച വരെ എടുത്തേക്കാം. ഒരു 65 ലിറ്റർ ടാങ്ക് പൂർണ്ണമായും നിറയ്ക്കുമ്പോൾ ഏകദേശം 19 ഡോളറോളം ലാഭിക്കാൻ യാത്രക്കാർക്ക് സാധിക്കും.

അതേസമയം, ഇന്ധനക്ഷാമം ഭയന്ന് ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിലേക്ക് എത്തുന്നതും ഇന്ധനം ശേഖരിച്ചുവെക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ന്യൂ സൗത്ത് വെയ്‌ൽസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരവധി പമ്പുകളിൽ സ്റ്റോക്ക് തീർന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഊർജ്ജ മന്ത്രി ക്രിസ് ബോവൻ പാർലമെന്റിനെ അറിയിച്ചു. നിലവിൽ 9 ദിവസത്തെ പെട്രോളും 30 ദിവസത്തെ ഡീസലും 30 ദിവസത്തെ ജെറ്റ് ഇന്ധനവും രാജ്യത്ത് കരുതൽ ശേഖരമായുണ്ട്. മധ്യേഷ്യയിലെ യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധന വിതരണത്തിൽ ദീർഘകാല തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *