പെർത്ത്: ചലിച്ചുകൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് പത്തൊൻപതുകാരി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പെർത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ക്ലോവർഡെയ്ലിലെ അർലുണ്യ അവന്യൂവിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
പത്തൊൻപതുകാരിയായ സുഹൃത്ത് ഓടിച്ചിരുന്ന ഹ്യുണ്ടായ് i30 കാറിന്റെ ബോണറ്റിലായിരുന്നു പെൺകുട്ടി ഇരുന്നിരുന്നത്. പെൺകുട്ടിയുടെ വീടിന് മുന്നിലൂടെ കാർ കടന്നുപോകുന്നതിനിടെ ഇവർ റോഡിലേക്ക് വീഴുകയായിരുന്നു. കാർ പോകുമ്പോൾ ബോണറ്റിന് മുകളിൽ ഒരാൾ ഇരിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റോഡിൽ വീണ പെൺകുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പെൺകുട്ടി റോഡിൽ പരിക്കേറ്റു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും റോയൽ പെർത്ത് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പെൺകുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മേജർ ക്രാഷ് വിഭാഗം ഉദ്യോഗസ്ഥർ ഇന്ന് രാവിലെ സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ നിലവിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല. കൂടുതൽ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

