ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ദീപ്തി ഗൗർ മുഖർജിയെ നിയമിച്ചു. 1993 ബാച്ച് മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ ദീപ്തി ഗൗർ മുഖർജി, വെറും 17 ദിവസം മുമ്പ് ചുമതലയേറ്റ നരേഷ് പാൽ ഗംഗ്വാറിന് പകരമാണ് സ്ഥാനമേറ്റെടുക്കുന്നത്.
അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ദി കാബിനറ്റിന്റെ (ACC) ഉത്തരവിലാണ് മാറ്റം വ്യക്തമാക്കിയത്. ഗംഗ്വാറിന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവിൽ വ്യക്തത നൽകിയിട്ടില്ല.
നീറ്റ്- യുജി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഈ അപ്രതീക്ഷിത മാറ്റം. അതേസമയം, ഗംഗ്വാറിനെ മാറ്റാനുള്ള ഔദ്യോഗിക കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചിരുന്ന ഹോർട്ടികൾച്ചർ സബ്സിഡിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കിടെ നിയമനം രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നുവെങ്കിലും, മാറ്റത്തിന് അതാണ് കാരണമെന്ന് സ്ഥിരീകരണമില്ല.

