കേരളത്തിന്റെ വികസനത്തിന് എൻ.ഡി.എ പ്രതിജ്ഞാബദ്ധം; തിരുവല്ലയിൽ മലയാളത്തിൽ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി

തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവല്ലയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിച്ചു. പ്രസംഗത്തിലുടനീളം മലയാളം വാക്കുകൾ ഇടകലർത്തിക്കൊണ്ടാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. “ജയ് കേരളം, ജയ് വികസിത കേരളം, കേരളത്തിലെ ഏറെ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ എല്ലാവർക്കും എന്റെ നമസ്കാരം” എന്ന് മലയാളത്തിൽ പറഞ്ഞുതുടങ്ങിയ അദ്ദേഹം, പ്രസംഗമധ്യേ “എന്റെ സുഹൃത്തുക്കളെ” എന്നും ആവർത്തിച്ചു. പൂർണ്ണമായി മലയാളത്തിൽ സംസാരിക്കാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

തിരുവല്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിയെ തന്റെ വലംകൈയായി ദീർഘകാലം പ്രവർത്തിച്ച വ്യക്തിയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അനൂപിന്റെ സേവനം തിരുവല്ലയ്ക്കായി വിട്ടുനൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 12 സ്ഥാനാർത്ഥികളെ അദ്ദേഹം വേദിയിൽ പരിചയപ്പെടുത്തി.കോൺഗ്രസ് ഭരണകാലത്തേക്കാൾ അഞ്ചിരട്ടി തുക കേന്ദ്രം കേരളത്തിന് നൽകിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. പി.എം. ആവാസ് യോജനയിലൂടെ വീടുകളും, ജലജീവൻ മിഷനിലൂടെ കുടിവെള്ളവും എത്തിച്ചു. കിസാൻ സമ്മാൻ നിധിയിലൂടെ 13,000 കോടി രൂപ കേരളത്തിലെ കർഷകർക്ക് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എൻ.ഡി.എ അധികാരത്തിലെത്തിയാൽ ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും കഴിഞ്ഞ 70 വർഷം കൊണ്ട് നടക്കാത്ത കാര്യങ്ങൾ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുമെന്നത് ‘മോദിയുടെ ഗ്യാരണ്ടി’യാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അടുത്ത അഞ്ച് വർഷം കൊണ്ട് കേരളത്തിന്റെ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *