സിഡ്നി: ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന പെട്രോൾ പമ്പുകൾക്കെതിരെ കർശന നടപടിയുമായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ 1,800-ഓളം സർവീസ് സ്റ്റേഷനുകളിൽ ഫെയർ ട്രേഡിംഗ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ 93 പമ്പുകൾക്ക് പിഴ ചുമത്തി. ഇതിൽ 24 കേസുകൾ പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്.
ഫെഡറൽ ഗവൺമെന്റ് ഇന്ധന നികുതിയിൽ വരുത്തിയ ഇളവുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ടോ എന്നും ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കാനായിരുന്നു ഈ നടപടി. നിയമലംഘനം നടത്തുന്ന വ്യക്തികൾക്ക് 22,000 ഡോളർ വരെയും കമ്പനികൾക്ക് 1.1 ലക്ഷം ഡോളർ വരെയും പിഴ ഈടാക്കാൻ നിയമമുണ്ട്. വരും ആഴ്ചകളിൽ പ്രാദേശിക മേഖലകളിലെ പമ്പുകളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ധനവിലയിലെ കൃത്രിമം തടയാൻ സർക്കാർ പുറത്തിറക്കിയ ‘ഫ്യുവൽ ചെക്ക് ആപ്പ് നവീകരിക്കാനായി 2.2 മില്യൺ ഡോളർ കൂടി അനുവദിച്ചു. ജനുവരിയിൽ വെറും പതിനായിരം പേർ മാത്രം ഉപയോഗിച്ചിരുന്ന ഈ ആപ്പ്, മാർച്ച് ആയപ്പോഴേക്കും അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഡൗൺലോഡ് ചെയ്തത്. തത്സമയ ഇന്ധനവില അറിയാനും വിലക്കുറവുള്ള സ്ഥലങ്ങൾ കണ്ടെത്താനും ഈ ആപ്പ് ജനങ്ങളെ സഹായിക്കുന്നു.
ഇന്ധനവിലയിൽ അമിത വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടാൽ ഫെയർ ട്രേഡിംഗ് വെബ്സൈറ്റ് വഴിയോ ഫ്യുവൽ ചെക്ക് ആപ്പ് വഴിയോ പരാതിപ്പെടാൻ ഉപഭോക്താക്കളോട് ഫെയർ ട്രേഡിംഗ് മന്ത്രി അനൗലക് ചന്തിവോങ് അഭ്യർത്ഥിച്ചു. സുതാര്യമായ വിലവിവരങ്ങൾ ഉറപ്പാക്കുമെന്നും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

