മെൽബൺ: വിക്ടോറിയയിൽ ഡെസി ഫ്രീമാൻ എന്ന പ്രതിയുടെ വെടിയേറ്റു മരിച്ച ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ നീൽ തോംസണിന്റെ സഹോദരിമാർ വിക്ടോറിയ പോലീസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു.പോലീസി ന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സഹോദരന്റെ മരണത്തിന് കാരണമായതെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും തങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്നും ഡയാൻ തോംസണും ലോയിസ് കിർക്കും ആരോപിക്കുന്നു.
2025 ഓഗസ്റ്റ് 26-ന് പോർപങ്കയിൽ നടന്ന സംഭവത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ടാക്റ്റിക്കൽ ഓഫീസർ മാരെ നിയോഗിക്കണമായിരുന്നുവെന്നാണ് ഇവരുടെ പ്രധാന വാദം. അപകടകാരിയായ പ്രതിയെ പിടികൂടാൻ പോകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ഇവർ അവകാശപ്പെടുന്നു. സഹോദരന്റെ മരണവിവരം നേരിട്ട് അറിയിക്കുന്നതിന് പകരം ഫോൺ കോളിലൂടെയാണ് പോലീസ് അറിയി ച്ചതെന്നും, സംസ്കാര ചടങ്ങുകളിൽ ഉൾപ്പെടെ തങ്ങളെ അവഗണിച്ചതായും ഇവർ ചീഫ് കമ്മീഷണർ മൈക്ക് ബുഷിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ വിക്ടോറിയ പോലീസ് ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും എന്നാൽ തോംസണിന്റെ സഹോദരിമാർ ഉയർത്തിയ പരാതികൾ ഗൗരവമായി കാണുന്നുവെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു. പരാതിയെത്തുടർന്ന് ഹോമിസൈഡ് സ്ക്വാഡിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നും പ്രത്യേക ലെയ്സൺ ഓഫീസർമാരെ ഇവരെ സഹായിക്കാനായി പോലീസ് നിയോഗിച്ചിട്ടുണ്ട്.
അതേസമയം, പോലീസിനെ ന്യായീകരിച്ച് മുൻ ഹോമിസൈഡ് ഡിറ്റക്റ്റീവ് ചാർളി ബെസീന രംഗത്തെത്തി. പോലീസ് സേവനത്തിനിടയിൽ കാര്യങ്ങൾ എപ്പോഴും പ്രവചനാതീതമാണെന്നും ഏത് സുരക്ഷിതമായ സാഹചര്യവും നിമിഷനേരം കൊണ്ട് മാറിമറിയാമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട നീൽ തോംസൺ മുൻപും പ്രതിയായ ഫ്രീമാനുമായി ഇടപഴകിയിട്ടുണ്ടെന്നും അന്ന് അയാൾ വലിയ അപകടകാരിയാണെന്ന് തോന്നിയിരുന്നില്ലെന്നും സഹപ്രവർത്തകർ വെളിപ്പെടുത്തി. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഫ്രീമാനെ സഹായിച്ചുവെന്ന് കരുതുന്ന രണ്ട് പേരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്

