രാംഗഡ് (ജാർഖണ്ഡ്): ജാർഖണ്ഡിലെ രാംഗഡിൽ സ്വകാര്യ സ്റ്റീൽ പ്ലാന്റിലുണ്ടായ ഫർണസ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ഹെസ്‌ല മേഖലയിലെ പ്ലാന്റിലായിരുന്നു അപകടം നടന്നത്.അപകടത്തിൽ ഒമ്പത് തൊഴിലാളികൾക്കാണ് പരിക്കേറ്റിരുന്നത്. ഇതിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റ ഏഴ് പേരെ വിദഗ്ധ ചികിത്സയ്ക്കായി റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മൂന്ന് പേർ മരണത്തിന് കീഴടങ്ങിയതെന്ന് സ്റ്റേറ്റ് ചീഫ് ഫാക്ടറി ഇൻസ്പെക്ടർ മനീഷ് കുമാർ സിൻഹ അറിയിച്ചു. അഖില റായ്, ബ്രിജ് ലാൽ ബേദിയ, മഹേഷ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ തൊഴിൽ വകുപ്പ് ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്ലാന്റ് മാനേജ്‌മെന്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 21 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ധാരണയായിട്ടുണ്ട്. പരിക്കേറ്റ മറ്റ് തൊഴിലാളികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.
ജാർഖണ്ഡിലെ സ്റ്റീൽ പ്ലാന്റിൽ ഫർണസ് സ്ഫോടനം: ചികിത്സയിലായിരുന്ന മൂന്ന് തൊഴിലാളികൾ മരിച്ചു

