തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്നാരോപിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ തൈക്കണ്ടി എന്നിവർക്കെതിരെ സമർപ്പിച്ച ഹർജിയിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടി. ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസാണ് മ്യൂസിയം പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.ഈ മാസം 22-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
മുഹമ്മദ് റിയാസ് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യ വീണ തൈക്കണ്ടി സിഎംആർഎല്ലിൽ (CMRL) നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ വിവരം കാണിച്ചിട്ടില്ലെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. വരുമാനവും സ്വത്ത് വിവരങ്ങളും കൃത്യമായി വെളിപ്പെടുത്താതെ വോട്ടർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.അഴിമതി നിരോധന നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. പോലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കോടതി തുടർനടപടികൾ സ്വീകരിക്കും.

